ഭിന്ന വേഷങ്ങളിലും ഭാവങ്ങളിലുമുള്ള ലോക നേതാക്കളുടെ നിർമ്മിതബുദ്ധി ഫോട്ടോകൾ ഇൻസ്റ്റാഗ്രാം വഴി സോഷ്യൽ മീഡിയയിൽ വൈറലായത് നമ്മൾ കണ്ടു. നിർമ്മിതബുദ്ധി എന്ന് വെച്ചാൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് എന്നർത്ഥം. നൂതന കമ്പ്യൂട്ടർ അപ്ലിലിക്കേഷൻ സോഫ്ട് വെയറിന്റെ സഹായത്തോടെ നിർമ്മിച്ചെടുത്ത ഫോട്ടോകളാണ് മലയാളിയായ ജ്യോ ജോൺ മുള്ളൂർ എന്ന കലാകാരൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ലോകത്തിലെ ശക്തരായ നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മുൻ യുഎസ് പ്രസിഡന്റുമാരായ ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ്, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, ജർമ്മനി മുൻ ചാൻസലർ ആംഗല മെർക്കൽ എന്നിവരെയാണ് AI ചിത്രങ്ങളുടെ പരമ്പരയിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. 13 വർഷമായി ദുബായിൽ ഡിജിറ്റൽ ആർട്ട് ഡയറക്ടറായി പ്രവർത്തിക്കുന്ന ജ്യോ ജോൺ മുള്ളൂർ ആളുകളെ മാത്രമല്ല ലാൻഡ്സ്കെപുകളും ഡിജിറ്റൽ പെയിന്റിങ് ആയി അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ദുബായ് നഗരം ഹരിതാഭമായൽ എങ്ങനെയിരിക്കും, മഞ്ഞുകാലത്ത് ദുബായ് എങ്ങനെയിരിക്കും എന്നീ തീമിലുള്ള ചിത്രങ്ങൾ അക്കൂട്ടത്തിൽ പെടും.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യത്യസ്ത വേഷങ്ങളിലുള്ള നിർമിതബുദ്ധിയിൽ തയ്യാറാക്കിയ ഫോട്ടോകളാണ്. ഡോക്ടറുടെ വേഷത്തിൽ സ്ടെതസ്കോപ് അണിഞ്ഞിരിക്കുന്ന മോദി, ഗിത്താർ വായിക്കുന്ന മോദി, ഫിറ്റ്നസ് സെൻറ്ററിലെ ജിം ട്രൈനറായ മോദി, പ്രൊഫസറായും ആർമി ഓഫീസറായും, പോലീസ് ഉദ്യോഗസ്ഥനായും, ഗഗനചാരിയായും ഒക്കെ നരേന്ദ്ര മോദി വന്നാൽ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ഡിജിറ്റൽ പെയിന്റിങ്ങുകൾ എല്ലാം തന്നെ ഒറിജിനൽ ഫോട്ടോയെ വെല്ലുന്നവയാണ്. ആര് കണ്ടാലും മൂക്കത്ത് വിരൽ വെച്ചുപോകും. അത്രമാത്രം സ്വാഭാവികതയോടെയാണ് ഓരോ ഫോട്ടോയും തയ്യാറാക്കിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയെക്കുറിച് അറിവുള്ളവരെപ്പോലും വിശ്വസിപ്പിക്കുന്ന തരത്തിലാണ് ഓരോ ഫോട്ടോയും.
മോദിയുടെ വിവിധതരം ഫോട്ടോകൾ നമ്മൾ കണ്ടിട്ടുള്ളതുകൊണ്ടും ഫോട്ടോഗ്രാഫിയോട് താൽപ്പര്യമുള്ള ആളായതുകൊണ്ടും ഇത്തരം ഫോട്ടോഷൂട്ടിന് അദ്ദേഹം തയ്യാറാകുമോ എന്നാരും സംശയിക്കില്ല. അതുകൊണ്ടുതന്നെ ഈ ഫോട്ടോകൾ കാണുന്ന 90 ശതമാനം പേരും അത് ഒറിജിനൽ ആണെന്നേ കരുതുകയുള്ളൂ. ഫേക്ക് ഫോട്ടോയാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
കാലം പോകുന്ന പോക്കേ. കാണുന്ന ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ.
ഫോട്ടോഗ്രാഫിയിൽ എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് സൃഷ്ടിക്കാൻ പോകുന്ന വിപ്ലവം വളരെ വലുതാണ്. ലക്ഷങ്ങൾ ചെലവുചെയ്തുകൊണ്ട് കോസ്റ്റുമും കോറിയോഗ്രാഫിയും ലൈറ്റിങ്ങും തയ്യാറാക്കി പരിചയസമ്പന്നരായ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ഏറെപേരുടെ അദ്ധ്വാനം കൊണ്ട് ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, കളർ ഗ്രേഡിങ്ങും നടത്തി തയ്യാറാക്കേണ്ട ഫോട്ടോകളാണ് ചുരുങ്ങിയ സമയം കൊണ്ട്, നയാ പൈസ ചെലവില്ലാതെ, തയ്യാറാക്കിയിരിക്കുന്നത്. അതും മോഡലായ മോദിയുടെ സാന്നിധ്യം പോലുമില്ലാതെ. എന്താല്ലേ !
ഇങ്ങനെ പോയാൽ എന്താവും ഫോട്ടോഗ്രാഫർമാരുടെ അവസ്ഥ. ക്യാമറയും ഫോട്ടോഗ്രാഫറും ആവശ്യമില്ലാതെ ഫോട്ടോ എടുക്കാൻ പറ്റുക എന്നുവെച്ചാൽ എന്താ പറയ !!
അതിനേക്കാൾ വലിയ പ്രശ്നം, ഒറിജിനൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഈയിടെ ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാർഡ് ലഭിച്ച ഫോട്ടോഗ്രാഫർ അത് വേദിയിൽ വെച്ചുതന്നെ നിരസിക്കുകയുണ്ടായി. നിർമ്മിത ബുദ്ധി ഉപയോഗിച്ചു തയ്യാറാക്കിയ എന്റെ ഫോട്ടോയ്ക്ക് അവാർഡ് നൽകുന്നത് നല്ല പ്രവണതയല്ല എന്നും അക്കാര്യം ലോകം ചർച്ച ചെയ്യണമെന്നും പറഞ്ഞാണ് താൻ അവാർഡ് നിരസിക്കുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കാലത്തിന്റെ പോക്ക് കണ്ടിട്ട് പുതിയ ഡിജിറ്റൽ യുഗത്തിൽ നിന്ന് വിശ്വാസ്യതയുടെ പഴയ ഫിലിം ക്യാമറയുടെ യുഗത്തിലേക്ക് മടങ്ങിപ്പോകേണ്ടി വരുമോ എന്നാണ് സംശയം. ഇനി നമ്മുടെ പഴയ ഫിലിം ക്യാമറകൾ പൊടി തട്ടിയെടുക്കേണ്ടിവരുമോ ?