
ഫോട്ടോയെടുക്കുമ്പോൾ എല്ലാരും സ്‌മൈൽ പ്ലീസ് എന്ന് പറയാറുണ്ട്. ആങ്ങനെ പറഞ്ഞിട്ടും ചിരിചില്ലെങ്കിൽ വിഷമിക്കണ്ട. ഫോട്ടോയിലുള്ള നിങ്ങളുടെ മുഖത്തെ ചിരിപ്പിക്കാൻ പുതിയ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന് സാധിക്കും. സ്വന്തം കാര്യത്തിന് നിങ്ങളുടെ ഫോട്ടോയിൽ കരയിപ്പിക്കുകയോ ചിരിപ്പിക്കുകയോ എന്തുവേണോ ചെയ്തോളൂ. പക്ഷെ ന്യൂസ് ഫോട്ടോഗ്രാഫിയിൽ ചിരിക്കാത്തവരെ ചിരിപ്പിക്കുകയോ നേരെ തിരിച്ചോ ചെയ്യരുത്. കാരണം വാർത്തയിലെ പ്രധാന വ്യക്തികളുടെ ഓരോ ഭാവവും ഓരോ സന്ദേശമാണ് നൽകുന്നത്.
ഉദാഹരണത്തിന് ഡൽഹിയിൽ സമരം ചെയ്യുന്ന അന്താരാഷ്ട്ര ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ കസ്റ്റഡിവാഹനത്തിനുള്ളിൽ വെച്ച് താരങ്ങൾ ചിരിച്ചുകൊണ്ട് (സെൽഫി) എടുത്ത ഫോട്ടോ കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പരന്നത്. അതോടെ സമരത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. സമരം നാടകമാണെന്ന് വരുത്തിത്തീർക്കാൻ സഹായിക്കുന്ന ഫോട്ടോയായി അത് മാറി. യഥാർഥത്തിൽ അത് കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ആയിരുന്നു. താരങ്ങളുടെ മുഖത്ത് മോർഫിങ്ങിലൂടെ കൃത്രിമചിരി സൃഷ്ടിച്ചെടുത്ത ഫോട്ടോ. അത് നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ സഹായത്തോടെ തയ്യാറാക്കിയ ഫോട്ടോയാണെന്ന വിവരങ്ങൾ പിന്നാലെ സോഷ്യൽ മീഡിയ പങ്കുവെച്ചെങ്കിലും ആ വ്യാജഫോട്ടോ അതിനോടകം ഏറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. പൊതുജനാഭിപ്രായം സമരക്കാർക്കെതിരെ തിരിച്ചുവിടാൻ ആ ചിത്രത്തിനായി.
അതുകൊണ്ട് വാർത്താ ചിത്രങ്ങളിൽ ഇത്തരം കൃത്രിമം കാണിക്കുന്നവർ സമൂഹത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണ്. അതിന് നിയമ നടപടികൾ നേരിടേണ്ടി വരും. കായികതാരങ്ങൾ കേസ്‌കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെറും കൗതുകത്തിന് വേണ്ടി ചെയ്തതാണ് എന്ന് കോടതിയിൽ ബോധിപ്പിക്കാമെങ്കിലും അതുമൂലം വാദിക്ക് ഉണ്ടായ നഷ്ടത്തിന്റെ തോതിനനുസരിച്ചുള്ള ശിക്ഷ ഏറ്റു വാങ്ങേണ്ടിവരും