മാറ് തുറന്ന് കാട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കോടതി കയറേണ്ടി വന്ന രഹ്ന ഫാത്തിമയെ കോടതി വെറുതേ വിട്ടു. തന്റെ മാറിടത്തിൽ പ്രായപൂർത്തിയാകാത്ത സ്വന്തം മകനെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോയാണ് രഹ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്ത രഹ്‌നയുടെ നടപടിയെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചു. പോക്സോ വകുപ്പ് ചുമത്തി രഹ്നയെ ശിക്ഷിക്കണം എന്നായിരുന്നു പരാതി. ആ കേസിലാണ് രഹനയെ ഹൈക്കോടതി വെറുതെ വിട്ടത്.
സ്ത്രീസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ഇടപെടലുകൾ നടത്തുന്ന ആളാണ് രഹ്ന ഫാത്തിമ. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി വന്നപ്പോൾ രഹ്ന ശബരിമലയിലേക്ക് പോയി. പോലീസ് സുരക്ഷയോടെ മലകയറാൻ ശ്രമിക്കുകയും ആചാരസംരക്ഷകരുടെ പ്രതിഷേധത്തെത്തുടർന്ന് രഹ്ന തിരിച്ചിറങ്ങുകയും ചെയ്‌ത വാർത്ത വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് പലതരത്തിലുള്ള ഭീഷണികൾ അവർ നേരിട്ടു.
സ്ത്രീശരീരത്തിൽ അശ്ലീലം കാണുന്ന കണ്ണുകളോടുള്ള പ്രതിഷേധ പ്രകടനമായിരുന്നു തന്റെ മാറിടത്തിലെ ചിത്രരചനയെന്നാണ് രഹ്‌നയുടെ വാദം. ഈ കേസിൽ കോടതി ചില നിരീക്ഷണങ്ങൾ നടത്തി. എല്ലാത്തിലും അശ്ലീലം കാണുന്നത് ശരിയല്ല. പുരുഷൻ മാറിടം പ്രദർശിപ്പിക്കുമ്പോൾ ഉണരാത്ത വികാരം സ്ത്രീയുടെ കാര്യത്തിൽ ഉണ്ടാകുന്നത് എന്തിനാണ്. മകന് ചിത്രം വരയ്ക്കാൻ തന്റെ ശരീരത്തെ ക്യാൻവാസാക്കിയത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതൊരു കലാപ്രവർത്തനമായി കണ്ടാൽ മതി. ആരാധനാലയങ്ങളിലെ നഗ്നമായ ദേവീശില്പങ്ങൾ കാണുമ്പോൾ ആർക്കും ലൈംഗികത തോന്നാറില്ലല്ലോ…. ഇങ്ങനെ പോകുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
നമ്മുടെ നാട്ടിലെ പാവപ്പെട്ട സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത കാലം ഓർത്തുപോവുകയാണ്. അക്കാലത്ത് സായിപ്പന്മാർ ക്യാമറയുമായി കറങ്ങി നടന്നത് ചില ഗൂഢ ഉദ്ദേശത്തോടെയായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ അക്കാലത്ത് എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ ക്യാമറ എവിടെയാണ് ഫോക്കസ് ചെയ്തിരിക്കുന്നതെന്ന് കാണാൻ സാധിക്കും. അപരിചിതനായ ഒരാളുടെ ക്യാമറയ്ക്ക് മുന്നിൽ തുറന്ന മാറിടം കാട്ടി നിന്നുകൊടുക്കേണ്ടിവന്നതിലുള്ള ദൈന്യത ആ സ്ത്രീകളുടെ കണ്ണുകളിലുണ്ടാവും. ആ കണ്ണുകളിലേക്ക് നോക്കാനുള്ള മനസുള്ളവർക്ക് മാത്രമേ അത് വായിച്ചെടുക്കാനാവൂ.
എന്തായാലും പുതിയ കോടതിവിധി ഇന്ത്യൻ ഫോട്ടോഗ്രാഫിയിൽ ചില ചലനങ്ങൾ സൃഷ്ടിക്കും.
പാശ്ചാത്യരാജ്യങ്ങളിലെ ഫോട്ടോഗ്രാഫർമാരിൽ പലരുടെയും ഇഷ്ടവിഷയമാണ് നൂഡ് ഫോട്ടോഗ്രഫി (Nude Photography). കലാപരമായ മികവ് പുലർത്തുന്ന വ്യത്യസ്ത ചിത്രങ്ങൾ നൂഡ് ഫോട്ടോഗ്രാഫിയിലൂടെ പിറക്കാറുണ്ട്. മനുഷ്യശരീരത്തിന്റെ നിംനോന്നതങ്ങളിൽ പ്രകാശം അരിച്ചിറങ്ങുമ്പോഴുള്ള വശ്യസൗന്ദര്യം തുളുമ്പുന്ന ഫോട്ടോകൾ ആരിലും അവാച്യമായ അനുഭൂതിയുളവാക്കും. പ്രകൃതിയുടെ ഏറ്റവും സുന്ദരമായ സൃഷ്ടി ഒരു മറയുമില്ലാതെ, എന്നാൽ സഭ്യതയോടെ ഒപ്പിയെടുക്കുക എന്നതാണ് നൂഡ് ഫോട്ടോഗ്രാഫി കൊണ്ടുദ്ദേശിക്കുന്നത്.
അതൊരു കലാപ്രവർത്തനമായി അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സമൂഹം അവിടെയുണ്ട്. ജീവിതം സന്തോഷത്തോടെ ആസ്വദിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നവർ. മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കായി അവനവന്റെ ആഗ്രഹങ്ങൾ പണയം വെക്കാത്തവർ. മറ്റുള്ളവരുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കാത്തവർ. ഓരോ നിമിഷത്തിലും സന്തോഷം മാത്രം കണ്ടെത്താൻ പോസിറ്റിവായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ. അത്തരക്കാരായ നൂറ് കണക്കിന് ആളുകൾ ഒരു സങ്കോചവുമില്ലാതെ വിവസ്ത്രരായി പാർക്കിലും സ്ട്രീറ്റിലും ബീച്ചിലും അണിനിരക്കും. ഫോട്ടോഗ്രാഫർമാർ വ്യത്യസ്ത ഭാവനയിൽ ആ കാഴ്ച്ചകൾ ക്യാമറയിൽ പകർത്തും.
പക്ഷെ അത്തരം ചിത്രീകരണങ്ങൾ നടത്താൻ ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാർ അപൂർവമായേ മുന്നോട്ട് വരാറുള്ളൂ. സൃഷ്ടിപരമായ ഒരു പ്രവർത്തനത്തിലും ഇടപെടാത്ത ദോഷൈക ദൃക്കുകളായ സദാചാരവാദികൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക തന്നെയാണ് കാരണം. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ നൂഡ് ഫോട്ടോഷൂട്ടുമായി ഫോട്ടോഗ്രാഫർമാരും മോഡലുകളും നമ്മുടെ പൊതുവിടങ്ങളിൽ സജീവമാകുമോ? കോടതി പറഞ്ഞപോലെ സമൂഹം അതിനെ കലയായി കാണുമോ ? കാത്തിരുന്ന് കാണാം.