ജയ്പൂരിൽ ചെന്നാൽ നൂറ്റിയെഴുപത്തിയഞ്ചു വർഷം പഴക്കമുള്ള ക്യാമറയുമായി നിന്ന് ഫോട്ടോ എടുക്കുന്ന ടിക്കാം ചന്ദ് എന്ന ഫോട്ടോഗ്രാഫറെ കാണാം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്യാമറയെയും അതിൽ ഫോട്ടോ എടുക്കുന്നതെങ്ങനെയെന്നും കാണാം. (ജയ്‌പൂർ വരെ പോകാൻ പറ്റാത്തവർക്ക് ഇതോടൊപ്പമുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താലും കാണാം)
1860 ൽ നിർമ്മിച്ച ക്യാമറയാണത്. ആദ്യം ടിക്കാം ചന്ദിന്റെ മുത്തച്ഛൻ ഉപയോഗിച്ചു. പിന്നെ അദ്ദേഹത്തിന്റെ മകന് കൊടുത്തു. അദ്ദേഹം തന്റെ ആയുഷ്കാലം മുഴുവൻ ഉപയോഗിച്ച ശേഷം 1977 ൽ ടിക്കാം ചന്ദിനെ ഏൽപ്പിച്ചു. ആ ക്യാമറയിൽ ഇപ്പോഴും അദ്ദേഹം മനോഹരമായ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുക്കുന്നു. ടൂറിസ്റ്റുകൾ അത് കണ്ട് അത്ഭുതം കൂറുന്നു. മൂന്ന് തലമുറ ഉപയോഗിച്ച ക്യാമറയാണത് എന്നോർക്കണം. മൂന്നുവർഷം കൂടുമ്പോൾ ഡിജിറ്റൽ ക്യാമറ പുതുക്കേണ്ടിവരുന്ന ‘യൂസ് ആൻഡ് ത്രോ’ സംസ്കാരത്തിന്റെ ഇക്കാലത്ത് ടിക്കാം ചന്ദിന്റെ ക്യാമറ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
ആ ക്യാമറയിൽ ഫോട്ടോ എടുക്കുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഫോട്ടോഗ്രാഫറുടെ തലയിൽ കറുത്ത തുണികൊണ്ട് മൂടി, ഇടക്ക് തല ഉയർത്തി നോക്കി, “ആ റെഡി” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്, ലെൻസിന്റെ ക്യാപ് കൈകൊണ്ട് തുറന്നടയ്ക്കുന്ന ആ പഴഞ്ചൻ രീതി. അത് കണ്ടിട്ടുള്ളവർക്ക് അറിയാം അതിന്റെയൊരു ഫീൽ. ആ കാഴ്ച്ച അപ്രത്യക്ഷമായിട്ട് കാൽ നൂറ്റാണ്ടാവുന്നു. ആ ഫോട്ടോഗ്രഫി ജയ്പൂരിൽ ഇപ്പോഴും തുടരുന്നു എന്നത് അത്ഭുതം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് അമേരിക്കയിൽ നിന്നുള്ള ലോസ് ഏഞ്ചലസ് ടൈംസ് ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളിൽ ടിക്കാം ചന്ദിന്റെ ഫോട്ടോഗ്രാഫിയെക്കുറിച് ഫീച്ചർ വന്നിട്ടുണ്ട്. ഇപ്പോഴും ജയ്‌പൂരിൽ എത്തുന്ന ട്രാവൽ വ്ലോഗർമാരെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോ എടുത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോകളുടെ പ്രളയമാണ്. ആ വീഡിയോകളിലൂടെ ലോകപ്രശസ്തിയിലേക്ക് ഉയരുകയാണദ്ദേഹം.
സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഒരു പഴയ ഹിന്ദി പാട്ടിന്റെ പശ്ചാത്തലമുള്ള വീഡിയോ ആണ്. അതിൽ ഒരു കയ്യിൽ ക്യാമറയും മറുകയ്യിൽ സ്ടൂളുമായി അദ്ദേഹം ഒരു നായകനെപ്പോലെ നടന്ന് വരുന്നു. തെരുവോരത്ത് മുക്കാലൻ സ്റ്റാൻഡിൽ കാമറ ഘടിപ്പിക്കുന്നു. ആൾക്കാരുടെ ഫോട്ടോ എടുക്കുന്നു. ക്യാമറയുടെ അടിയിൽ സജ്ജീകരിച്ച ‘ഡാർക്ക്റൂമിൽ’ അത് ഡവലപ്പ് ചെയ്തെടുക്കുന്നു. ആദ്യം ഒരു നെഗറ്റിവ് ഇമേജ് ബ്രോമൈഡ് പേപ്പറിൽ എടുക്കുന്നു. പിന്നെ അതിന്റെ ഫോട്ടോ വീണ്ടും എടുക്കുന്നു. അത് ഡവലപ്പ് ചെയ്യുമ്പോൾ കിട്ടുന്ന പൊസിറ്റിവ് ഫോട്ടോ കസ്റ്റമർക്ക് കൊടുക്കുന്നു. അക്ഷരാർധത്തിലുള്ള സ്ട്രീറ്റ് ഫോട്ടോഗ്രഫി ! അത് കണ്ടാൽ ആർക്കാണ് കൗതുകം തോന്നാത്തത്. ആരും ഹാറ്റ്‌സ് ഓഫ് പറഞ്ഞുപോകും.
മാറുന്ന കാലത്തിനൊപ്പം ഓടിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല എന്ന യാഥാർഥ്യത്തെ നോക്കി ഊറി ചിരിക്കുകയാണ് ടിക്കാം ചന്ദും അദ്ദേഹത്തിന്റെ ക്യാമറയും. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ് എന്ന കാര്യം അദ്ദേഹം തുറന്ന് പറയുന്നു. കൊറോണയ്ക്ക് ശേഷം ഫോട്ടോ എടുക്കാൻ വരുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. വരുന്നവർ തന്നെ ഇൻറ്റർവ്യൂ ചെയ്യുന്നു. തന്റെയും ക്യാമറയുടെയും വീഡിയോയും ഫോട്ടോയും എടുക്കുന്നു, മടങ്ങുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശപ്പ് മാറില്ലല്ലോ. അതിനാൽ തന്റെ കാലം കഴിഞ്ഞാൽ മറ്റാരും ഇത് പിന്തുടരാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. കാലയവനികയ്ക്കുള്ളിൽ മറയാൻ പോകുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ പ്രതാപം ജയ്‌പൂരിൽ അവസാനിക്കുമോ ?