എംഎഫ്റ്റി ടെലിഫോട്ടോ സൂം ലെന്‍സുമായി പാനാസോണിക്ക്

0
1266

മൈക്രോ ഫോര്‍ തേര്‍ഡ്‌സിനു വേണ്ടിയുള്ള ടെലിഫോട്ടോ സൂം ലെന്‍സുമായി പാനാസോണിക്ക്. 14-140 എംഎം ഫോക്കല്‍ ലെംഗ്ത് ഉള്ള ലെന്‍സിന് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉണ്ട്. പൊടിയെ കാര്യമായി പ്രതിരോധിക്കുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകതയായി പാനാസോണിക്ക് എടുത്തു കാണിക്കുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന വിധത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഈ ലെന്‍സിന്റെ പേര്, ലുമിക്‌സ് ജി വേരിയോ 14-140എംഎം എഫ്3.5-5.6 എഎഎസ്പിഎച്ച് പവര്‍ ഒഐഎസ് എന്നാണ്. 35 എംഎം ക്യാമറയുമായി താരതമ്യം ചെയ്താല്‍ 28-280എംഎം റേഞ്ചില്‍ ചിത്രങ്ങളെടുക്കാന്‍ ഇതിനു കഴിയും. പാനാസോണിക്ക് അനൗണ്‍സ് ചെയ്ത ലുമിക്‌സ് ജി95 ക്യാമറയ്ക്ക് ഏറെ അനുയോജ്യമായ വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഓട്ടോഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍ ഒക്കെയും ജി95-ന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന വിധത്തിലാണ്.

എഫ്3.5-5.6 ആണ് പരമാവധി അപ്പര്‍ച്ചര്‍. എഫ് 22 മിനിമം. ഏഴു ഡയഫ്രം ബ്ലേഡുകള്‍ ഉണ്ടെങ്കിലും ഇതില്‍ അപ്പര്‍ച്ചര്‍ റിംഗ് നല്‍കിയിട്ടില്ല. 12 ഗ്രൂപ്പുകളിലായി 14 എലമെന്റുകള്‍. ഇതില്‍ 2 ഇഡിയും 3 ആസ്ഫറിക്കല്‍ എലമെന്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. 0.30 മീറ്റര്‍ ദൂരത്തു നിന്നു വരെ ഫോക്കസ് ചെയ്യാം. 0.5 എക്‌സ് ആണ് പരമാവധി മാഗ്നിഫിക്കേഷന്‍. ഓട്ടോഫോക്കസ് നല്‍കിയിരിക്കുന്നു.

ഇന്റേണല്‍ ഫോക്കസ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലെന്‍സില്‍ സ്റ്റീപ്പര്‍ മോട്ടോര്‍ ആണുള്ളത്. 265 ഗ്രാം ഭാരം. 75 എംഎം നീളവും 67 എംഎം വ്യാസവും. സൂം ലോക്ക്, പവര്‍ സൂം എന്നിങ്ങനെയുള്ള സാങ്കേതികത്വമൊക്കെയും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. റോട്ടറി രീതിയിലുള്ള സൂം ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. മേയ് മാസം മുതല്‍ വിപണയില്‍ ലഭ്യമാവും. വില 600 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here