തട്ടേക്കാട് ബേര്‍ഡ്സ് ഫോട്ടോഗ്രാഫി ക്യാമ്പ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നവ്യാനുഭവമായി.

0
321

കേരളത്തിലെ ആദ്യ പക്ഷി സങ്കേതമായ തട്ടേക്കാട് ഡോ സലിം അലി ബേര്‍ഡ്സ് സാങ്ച്ചറിയില്‍, ഫോട്ടോവൈഡ് ക്യാമറ ക്ലബ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത മുപ്പത് ഫോട്ടോഗ്രാഫര്‍മാര്‍ സൗന്ദര്യം നുകര്‍ന്നും ആസ്വദിച്ചും രണ്ട് നാള്‍ ബേര്‍ഡ്സ് ഫോട്ടോഗ്രാഫി ക്യാമ്പ് നടത്തി.
ഏപ്രില്‍ ഒന്നാം തീയതി രാവിലെ ഭൂതത്താന്‍കെട്ട് ഡാം പരിസരത്ത് ഒത്തുചേര്‍ന്നവരില്‍ കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഉണ്ടായിരുന്നു. രാവിലെ ഭൂതത്താന്‍കെട്ട് വനപ്രദേശത്ത് ട്രക്കിംഗ് നടത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ ജലാശയത്തിന്റെയും വന്യതയുടെയും സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തിരികെയെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ നേരെ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചേര്‍ന്നു.തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഡോര്‍ മെട്രിയില്‍ ഒത്തു ചേര്‍ന്നു. ഡോ.സലിം അലിയുടെ സ്മരണാര്‍ത്ഥം 1983-ല്‍ സ്ഥാപിതമായ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഫോട്ടോഗ്രാഫേഴ്‌സ്. പര്‍വ്വതനിരകളില്‍ വ്യവഹരിക്കുന്ന കുഞ്ഞന്‍ പക്ഷികള്‍ മുതല്‍ തീര്‍ത്ഥാടകരായെത്തുന്ന ജലപക്ഷികള്‍ വരെ 356 ഇനം വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളുടെ പറുദീസയാണ് തട്ടേക്കാട്.
ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനയോഗം. ഫോട്ടോവൈഡ് ഫോട്ടോഗ്രാഫി മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ എ.പി.ജോയിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ക്യാമ്പ് ഡയറക്ടറും, കേരള ബേര്‍ഡ്സ്മാന്‍ എന്നറിയപ്പെടുന്ന പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ.ആര്‍.സുഗതന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന യോഗത്തില്‍ ക്യാമറ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് സജി എണ്ണയ്ക്കാട്, കോ ഓര്‍ഡിനേറ്റര്‍ അനില്‍ കണിയാമല, ജോര്‍ജ് മേലുകാവ്, ബിനീഷ് മാന്നാനം,തങ്കച്ചന്‍ കോട്ടയം, കോര്‌സണ്‍ സഖറിയ, ബെന്നറ്റ് ജോസഫ്,തങ്കച്ചന്‍ അന്ന എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന യോഗത്തിനും ക്ലാസ്സിനും ശേഷം ഫോട്ടോഗ്രാഫര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ വിവിധ ഭാഗങ്ങളിലേക്ക് പക്ഷി നിരീക്ഷണത്തിനായി പുറപ്പെട്ടു.
ഒന്നാം ദിവസം രാത്രി അത്താഴത്തിനുശേഷം ക്യാമ്പ് അംഗങ്ങളുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. ഓരോ ക്യാമ്പ് അംഗങ്ങളും, അവരവരുടെ ഫോട്ടോഗ്രാഫുകളെക്കുറിച്ച് ക്യാമ്പില്‍ വിവരണം നല്‍കി സ്വയം പരിചയപ്പെടുത്തി.
രണ്ടാം ദിവസം, ഏപ്രില്‍ രണ്ടിന് ഫോട്ടോഗ്രാഫേഴ്‌സ് പക്ഷി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗ്രൂപ്പുകളായി തിരിഞ്ഞു പക്ഷി നിരീക്ഷണത്തിനായി പുറപ്പെട്ടു. വ്യത്യസ്ത അനുഭവങ്ങള്‍ ഓരോ ഫോട്ടോഗ്രാഫര്മാര്ക്കും ഉണ്ടായി.
ഉച്ചക്ക് ക്യാമ്പ് സമാപനയോഗത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റഷീദ് മുഖ്യാഥിതി ആയിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ പ്രകൃതി സംരക്ഷണവുമായി തങ്ങളുടെ കലയെ ഇഴ ചേര്‍ക്കുന്നത് അഭികാമ്യമായ പ്രക്യാര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് പകരം മൊമെന്റോ നല്‍കി. പ്രത്യേകം തയ്യാറാക്കിയ, ക്യാമറ ക്ലബ്ബിന്റെ മുദ്ര പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here