Home Interview സമന്വയത്തിന്റെ സമഗ്രതയുമായി മെലോണ്‍ഞ്ചിലൂടെ ഫാ. അല്‍ജോ

സമന്വയത്തിന്റെ സമഗ്രതയുമായി മെലോണ്‍ഞ്ചിലൂടെ ഫാ. അല്‍ജോ

2033
0
Google search engine

വൈവിധ്യമാര്‍ന്ന വര്‍ണക്കാഴ്ചകളെ ഉള്‍ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന നിരീക്ഷണ പാടവത്തോടെ ഒപ്പിയെടുക്കാനുള്ള കഴിവാണ് ഫാ. അല്‍ജോയെ വ്യത്യസ്തനാക്കുന്നത്. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ ഇത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. മനോഹരമായ സമന്വയം എന്നര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ‘മെലോണ്‍ഞ്ച്’ എന്ന പേരിലാണ് പ്രദര്‍ശനം നടത്തിയത്. ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കാഴ്ചകളുടെ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കുന്നവയായിരുന്നു പ്രദര്‍ശനത്തിലെ 31 ചിത്രങ്ങളും.

കേരളത്തനിമയുടെ വ്യത്യസ്തതയ്‌ക്കൊപ്പം വടക്കേ ഇന്ത്യയുടെ വര്‍ണ വിസ്മയങ്ങളും പച്ചയായ ജീവിതത്തിന്റെ ആന്തരിക സൗന്ദര്യവും ഒപ്പിയെടുത്ത അച്ചന്റെ കാമറക്കണ്ണുകള്‍ ഫോട്ടോകള്‍ക്ക് പറ്റിയ സമയം നോക്കി ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത് ഫോട്ടോയാണോ അതോ ചിത്രം വരച്ചതാണോ എന്ന് സംശയിച്ചുപോകും. ഒരു പെയിന്റിംഗിന്റെ തന്മയത്വത്തോടെയുള്ള ഫ്രെയിമിങ്.
കാണികളെ ഒത്തിരി ആകര്‍ഷിച്ചത് കാടിനുള്ളില്‍ ഒളിച്ചിരിക്കുന്ന പുലിയുടെ ദൃശ്യമാണ്. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ അത് പച്ചിലകള്‍ക്കു മറവില്‍ നില്‍ക്കുന്ന പുലിവേഷമിട്ട വ്യക്തിയുടെ കുടവയറാണെന്ന് തിരിച്ചറിയൂ. തൃശിവപേരൂരിന്റെ സ്വന്തം ചിത്രം.
ഹരിദ്വാറില്‍ ഗംഗയില്‍ ബലിതര്‍പ്പണം നടത്തുന്ന കുടുംബത്തിന്റെ ചിത്രത്തിലെ ഭാവങ്ങള്‍ക്കും കളറുകള്‍ക്കും ജലച്ചായത്തിന്റെ മനോഹാരിതയുണ്ട്. ഈയൊരു ഭാവങ്ങളുടെയും വര്‍ണങ്ങളുടേയും സുക്ഷ്മതയുണ്ട് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ മാലകള്‍ വില്‍ക്കുന്ന നാടോടി സ്ത്രീകള്‍ക്കും ഋഷികേശിലെയും ഹരിദ്വാറിലെയും ദൃശ്യങ്ങള്‍ക്കും.

കാടിനുള്ളില്‍ ഒളിച്ചിരിക്കുന്ന പുലിയുടെ ദൃശ്യത്തിലേക്കു
സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ അത് പച്ചിലകള്‍ക്കു മറവില്‍ നില്‍ക്കുന്ന പുലിവേഷമിട്ട വ്യക്തിയുടെ കുടവയറാണെന്ന്
തിരിച്ചറിയൂ. തൃശിവപേരൂരിന്റെ സ്വന്തം ചിത്രം.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സ്ഥാനം പിടിക്കുന്നതാണ് കളര്‍ കോമ്പിനേഷനുകളുടെ ശ്രദ്ധേയമായ കൈകാര്യം ചെയ്യല്‍. ഓസ്‌ളോയിലെ പുഴയില്‍ പ്രതിബിംബിക്കുന്ന രാത്രി വെളിച്ചത്തില്‍ മയങ്ങി നില്‍ക്കുന്ന കെട്ടിടങ്ങളും സ്വീഡനിലെയും ഡെന്‍മാര്‍ക്കിലെയും ശിശിരകാല ചിത്രങ്ങളും വത്തിക്കാന്‍ ദൈവാലയത്തിന്റെ സൂര്യാസ്തമയത്തിലുള്ള ചിത്രീകരണവും മഞ്ഞിന്റെ വെണ്‍മയില്‍ നില്‍ക്കുന്ന നീല ടോയ് കാറും കളര്‍ കോണ്‍ട്രാസ്റ്റിന്റെ മകുടോദാഹരണങ്ങളാണ്.
റിവേഴ്‌സ് ഫോട്ടോഗ്രഫിയില്‍ പിറന്ന ഈച്ചയുടെ കണ്ണിന്റെ ക്ലോസപ് കാണികള്‍ക്ക് വിസ്മയക്കാഴ്ചയായിരുന്നു. അതുപോലെ പ്രിയപ്പെട്ടതായിരുന്നു ഇതള്‍ കൊഴിഞ്ഞു വീഴുന്ന പൂവിന്റെ അസുലഭ മുഹൂര്‍ത്തം. കാപ്പാട് ബീച്ചിലെ അന്തിചുവപ്പും ചാവക്കാട് കടപ്പുറത്തെ സന്തുഷ്ട കുടുംബവും സ്‌നേഹതീരത്തിന്റെ കിളിയോര്‍മയും മൂടല്‍ മഞ്ഞിലെ നെല്ലിയാമ്പതിയും മലയാളി മനസിന് മിഴിവാര്‍ന്ന കാഴ്ചകളായി.

യാത്രകള്‍ക്കിടയില്‍ നീസില്‍ വച്ച് തീയണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ വിമാനവും ഇറ്റലിയിലെ മിലാന്‍ കത്തീഡ്രലിനു മുന്നില്‍ ബൈക്കിന്റെ ശബ്ദം കേട്ട് പൊടുന്നനെ പറന്നുയരുന്ന പ്രാവിന്‍ കൂട്ടങ്ങളുമെല്ലാം ക്യാമറയ്ക്കു പുറകിലെ കൃത്യതയാര്‍ന്ന ദൃഷ്ടി വൈഭവം വ്യക്തമാക്കുന്നു. അച്ചന് പറയാനുളളതും അതു തന്നെ നല്ലതിലേയ്ക്ക് സൂം ചെയ്യാനും ആവശ്യമില്ലാത്തതെല്ലാം ക്രോപ് ചെയ്യാനുമുള്ള കൃത്യത ജീവിത വഴികളില്‍ മുതല്‍കൂട്ടായത് ഫോട്ടോഗ്രഫിയുടെ ഭ്രമം സമ്മാനിച്ചത്.
നെടുപുഴ കരേരക്കാട്ടില്‍ പോള്‍- അല്‍ഫോണ്‍സ ദമ്പതികളുടെ മകനായ അല്‍ജോ തൃശൂര്‍, വടവാതൂര്‍ സെമിനാരികളിലെ പഠനത്തിനു ശേഷം ദൈവശാസ്ത്രം പഠിച്ചത് റോമില്‍ മരിയ മാത്തര്‍ എക്ലേസിയ കോളേജിലാണ്. കൂട്ടുകാരില്‍ നിന്നും ലഭിച്ച പ്രോത്സാഹനത്തില്‍ നിന്നും തുടങ്ങിയ ക്യാമറക്കമ്പം യുട്യൂബ് ടൂട്ടോറിയല്‍സിലൂടെ പഠനമായി മാറി. ഇംഗ്ലീഷടക്കം നാല് യൂറോപ്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് പല നാട്ടിലുമുള്ള പ്രൊഫഷണലുകളുമായി സംവദിക്കാനുപകരിച്ചു. ഇന്റര്‍നെറ്റിലൂടെ ഇപ്പോഴും അറിവിന്റെ സൂക്ഷ്മത വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് അല്‍ജോ അച്ചന്‍. ഒഴിവു സമയങ്ങള്‍ തന്റെ പാഷനു പിന്നാലെ വിനിയോഗിക്കുന്ന ഫാ. അല്‍ജോ 2009 ഡിസംബര്‍ 29 ന് തിരുപ്പട്ടം ലഭിച്ചതിനു ശേഷവും തുടര്‍ന്ന് ഫ്രാന്‍സിലെ തുളൂസിലെ ഉപരിപഠനകാലവും പിന്നിട്ട് ഇപ്പോള്‍ തൃശൂര്‍ അതിരൂപതയിലെ മാന്ദാമംഗലം പള്ളി വികാരിയായി കൃത്യതയോടെ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നു.

വൈദിക വൃത്തിയിലും തന്റെ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഫോട്ടോഗ്രാഫിയോടുള്ള ഭ്രമത്തിലും ഒരുപോലെ സൂക്ഷിക്കുന്ന വ്യക്തിത്വ സവിശേഷതകള്‍ സമ്മിശ്ര വികാരങ്ങളുണര്‍ത്തുന്ന, കൗതുകമൂറുന്ന കണ്ണുകളുടെ ദൃശ്യം പുകയില്‍ കുളിച്ചു നില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ സ്പഷ്ടമാണ്.
ഫാ. അല്‍ജോ കരേരക്കാട്ടില്‍-

fotowide issue No:229

LEAVE A REPLY

Please enter your comment!
Please enter your name here