നല്ലൊന്നാന്തരം വാട്ടര്‍പ്രൂഫ് ക്യാമറ എന്നു പേരെടുത്തതായിരുന്നു ഒളിമ്പസിന്റെ ടിജി-5. ഇതിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഒളിമ്പസ് അവതരിപ്പിക്കുന്ന കോംപാക്ട് ഡിജിറ്റല്‍ അണ്ടര്‍വാട്ടര്‍ ക്യാമറയായ ടഫ് ടിജി-6. എഫ്2.6 കൂടിയ വൈഡ് ആംഗിള്‍ ലെന്‍സ് ഇതിനുണ്ട്. ബാക്ക് ലിറ്റ് ഹൈസ്പീഡ് സിമോസ് സെന്‍സര്‍, പവര്‍ഫുള്‍ ആയ ട്രുപിക് 7 ഇമേജ് പ്രോസ്സസ്സര്‍ എന്നിവയുടെ സഹായത്തോടെ മികച്ച വീഡിയോയും സ്റ്റില്ലും ഇതിന് ഏതു സാഹചര്യത്തിലും പകര്‍ത്താനാവും. ലോ ലൈറ്റിലും മികച്ച ഷൂട്ടിങ് പ്രദാനം ചെയ്യുന്ന ടിജി-6 ല്‍ മൈക്രോസ്‌കോപ്പ് കണ്‍ട്രോള്‍ മോഡ്, മൈക്രോസ്‌കോപ്പ് മോഡ്, ഫോക്കസ് സ്റ്റാക്കിങ് മോഡ്, ഫോക്കസ് ബ്രാക്കറ്റിങ് മോഡ് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടിജി-5 നെ അപേക്ഷിച്ച് അണ്ടര്‍വാട്ടര്‍ ഷൂട്ടിങ്ങിന്റെയും മാക്രോയുടെയും റേഞ്ചിങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്നതാണ് ഇതിലെ പ്രധാന മാറ്റം.

അണ്ടര്‍വാട്ടര്‍ വൈഡ്, അണ്ടര്‍വാട്ടര്‍ സ്‌നാപ്പ്‌ഷോട്ട്, അണ്ടര്‍വാട്ടര്‍ മാക്രോ, അണ്ടര്‍വാട്ടര്‍ മൈക്രോസ്‌കോപ്പ്, അണ്ടര്‍വാട്ടര്‍ എച്ച്ഡിആര്‍ എന്നിങ്ങനെ അഞ്ചു തരത്തിലുള്ള അണ്ടര്‍വാട്ടര്‍ മോഡുകള്‍ ഈ ക്യാമറയില്‍ ഒളിമ്പസ് ഉള്‍പ്പെടുത്തിയിരിക്കുന്നു. പുറമേ, മൂന്നു തരത്തിലുള്ള അണ്ടര്‍വാട്ടര്‍ വൈറ്റ്ബാലന്‍സ് മോഡുകളും ഇതിലുണ്ട്. ഫ്‌ളെയറും ഗോസ്റ്റിങ്ങും ഒഴിവാക്കാനായി സെന്‍സറിനു ചുറ്റുമുള്ള ഗ്ലാസില്‍ ആന്റി റിഫഌക്ടീവ് കോട്ടിങ്ങും ഈ ക്യാമറയില്‍ നല്‍കിയിരിക്കുന്നു. മുന്‍പുണ്ടായിരുന്ന മോഡലില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.

കാഴ്ചയില്‍ ടിജി-5 തന്നെയാണോ ഈ ക്യാമറ എന്നു തോന്നിക്കുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈന്‍. ടഫ് ശ്രേണിയില്‍പ്പെട്ട ഈ ക്യാമറയ്ക്ക് അത്തരത്തിലൊരു ലുക്ക് ആന്‍ഡ് ഫീല്‍ നല്‍കാനാണ് ഇത്തരമൊരു റാഡിക്കിള്‍ ഡിസൈന്‍ നല്‍കിയിരിക്കുന്നത്. 50 അടി താഴ്ചയില്‍ വരെ വെള്ളത്തില്‍ ഈ ക്യാമറ പ്രവര്‍ത്തിക്കും. ഏഴടി ഉയരത്തില്‍ നിന്നു താഴെ വീഴുന്ന വിധത്തിലുള്ള ഷൂട്ടിങ് സാഹചര്യത്തിലും മികച്ച ചിത്രമെടുക്കാന്‍ ടിജി-6 നു കഴിയും. മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിലും ഇതു പ്രവര്‍ത്തിക്കും. ഡസ്റ്റ് പ്രൂഫോടു കൂടിയ ഈ ക്യാമറയില്‍ കോംപസോടു കൂടിയ ജിപിഎസ്, മാനോമീറ്റര്‍, തെര്‍മോമീറ്റര്‍, അക്‌സിലറോമീറ്റര്‍ എന്നിവയൊക്കെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച വീഡിയോ ചിത്രീകരിക്കാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌കൂബാ ഡൈവിങ്ങില്‍ ഈ ക്യാമറ ഏറെ പ്രയോജനപ്പെടും. മികച്ച വീഡിയോ പകര്‍ത്താനായി അള്‍ട്രാ എച്ച്ഡി 4കെ മൂവി മോഡ് ഇതിലുണ്ട്. സ്ലോമോഷന്‍ എടുക്കാന്‍ കഴിയുന്ന ഇതില്‍ ഫുള്‍ എച്ച്ഡി 120 എഫ്പിഎസ് ഹൈ സ്പീഡ് മൂവിയും പകര്‍ത്താനാവും. ഫീല്‍ഡ് സെന്‍സര്‍ സിസ്റ്റം, പ്രോ ക്യാപ്ചര്‍ മോഡ്, ഫിഷ്‌ഐ കണ്‍വര്‍ട്ടര്‍, എച്ച് ഡി എല്‍സിഡി മോണിറ്റര്‍, ഡേറ്റ് ഇംപ്രിന്റ്, ലെന്‍സ് ബാരിയര്‍, അണ്ടര്‍വാട്ടര്‍ കേസ്, സിലികോണ്‍ ജാക്കറ്റ് എന്നിവയൊക്കെയാണ് ക്യാമറയുടെ മറ്റു സവിശേഷതകള്‍. ലിഥിയം ഐണ്‍ ബാറ്ററി രണ്ടു മണിക്കൂര്‍ കൊണ്ട് യുഎസ്ബി ഉപയോഗിച്ചി ചാര്‍ജ് ചെയ്യാം. 449 ഡോളറാണ് വില. ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ വിപണയിലും ക്യാമറ എത്തും.
