‘ആ ചിത്രം എന്നെ അപമാനിച്ചു കെ.അജിത. ഫോട്ടോ വൈഡിനോട് ‘

0
2214
മറക്കാനാവാത്ത ചിത്രം
എല്‍. രാജശേഖരന്‍ മുതുകുളം

മറക്കാനാവാത്ത ചിത്രത്തെക്കുറിച്ച് കെ.അജിത. അജിതയെ അറിയാത്തവര്‍ ആരും കാണുകയില്ല. കേരളത്തിന്റെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും പ്രമുഖ സ്ത്രീ സംരക്ഷണ പ്രവര്‍ത്തകയും അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റുമാണ് കെ.അജിത. കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവരുടെ ബോധവല്‍ക്കരണത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തിയ അജിത കുപ്രസിദ്ധിയാര്‍ജിച്ച ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനെ കോടതിയിലും അതുവഴി ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരുവാനും നിസ്തുലമായ പങ്ക് വഹിച്ചു. 2004ലെ തിരഞ്ഞെടുപ്പില്‍ സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ.പി.ജെ.കുര്യനെതിരെ പ്രചരണം നടത്തി. അന്ന് ഡോ.പി.ജെ.കുര്യന്‍ 10,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു.
അജിത 1950ല്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവര്‍ത്തകര്‍ ആയിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ ആയിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയുമെല്ലാം. പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തുതന്നെ പിതാവ് പിന്തുടര്‍ന്ന വിപ്ലവ പ്രവര്‍ത്തനം അജിതയും തിരഞ്ഞെടുത്തു. അജിത നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടയാവുകയും തലശേരി പുല്‍പ്പള്ളി ആക്ഷനുകള്‍ നടത്തിയ സംഘത്തിലെ ഏക സ്ത്രീയുമായിരുന്നു.
മനസില്‍നിന്നും മാറാത്ത ഫോട്ടോയെക്കുറിച്ച് അജിത സംസാരിച്ചു തുടങ്ങി. ”ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫോട്ടോ ഗ്രാഫര്‍ ആയിരുന്ന ജയന്‍, ഇപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇല്ല. അദ്ദേഹം വീട്ടില്‍വന്ന് ഞാനും അമ്മയുംകൂടി നില്‍ക്കുന്ന ഒരു ഫോട്ടോ എടുത്തിരുന്നു. അമ്മ ഇരിക്കുന്നതിനു പിന്നില്‍ ഞാന്‍ നില്‍ക്കുന്ന ഫോട്ടോയാണ് ജയന്‍ എടുത്തത്. ആ ഫോട്ടോ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫോട്ടോയാണ്. ഇരിക്കുന്ന അമ്മയുടെ പിന്നില്‍ അമ്മയോട് ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോ എനിക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോയാണത്. ആ ഫോട്ടോ ഇപ്പോള്‍ എവിടെ ഇരിക്കുകയാണ് എന്ന് ഒരു ഓര്‍മ്മയുമില്ല.
എനിക്ക് എടുക്കാന്‍ പറ്റാതായത് അച്ഛനോടൊപ്പമുള്ള പടമാണ്. അച്ഛന്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കുകയില്ലായിരുന്നു. ഫോട്ടോ എടുക്കുന്നതും പബ്ലിസിറ്റിയും ഒന്നും അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായിരുന്നു അത്. ഇവിടെ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോ അച്ഛന്‍ കേസിന്റെ കാര്യത്തിന് കോടതിയില്‍ പോകുമ്പോള്‍ പത്രത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ഫോട്ടോയാണ്.അവര്‍ ഞങ്ങള്‍ക്കുതന്ന ഫോട്ടോയാണ് ഞങ്ങള്‍ സൂക്ഷിക്കുന്നത്. അച്ഛന്‍ അന്ന് സായുധ സമരത്തിന്റെയും രഹസ്യ പ്രവര്‍ത്തനങ്ങളുടെയുമൊക്കെ ആളാണ്. അതുകൊണ്ടാണ് ഫോട്ടോ എടുക്കാന്‍ അച്ഛന്‍ സമ്മതിക്കാഞ്ഞത്. അല്ലാതെ ഫോട്ടോഗ്രാഫിയോടുള്ള വിരോധം കൊണ്ടൊന്നുമല്ല.”
”ഫോട്ടോഗ്രാഫി നമ്മുടെ പഴയകാലങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ വളരെ നല്ലതാണ്. ഓരോ കാലത്തെയും ഫോട്ടോ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചുമോന്റെ ഫോട്ടോവരെ ഞങ്ങള്‍ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇതൊക്കെ ഭാവിയില്‍ എപ്പോഴെങ്കിലുമൊക്കെ ഓര്‍മ്മപുതുക്കാനും ഓരോ കഴിവുകള്‍ തെളിയിക്കുമ്പോള്‍ അന്നത്തെയും ഇന്നത്തെയുമെല്ലാം വ്യത്യാസങ്ങള്‍ മനസിലാക്കുവാനുമെല്ലാം ഉപയോഗിക്കാം. എടുക്കുന്ന ഫോട്ടോകള്‍ ചിലപ്പോള്‍ നമുക്ക് എതിരായിട്ടും ഉപയോഗിക്കാന്‍ പറ്റും. എതിരായി ഉപയോഗിച്ച സന്ദര്‍ഭം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതായത് ഞങ്ങള്‍ തലശേരി പുല്‍പ്പള്ളി കേസിന്റെ ഭാഗമായിട്ട് ഞാന്‍ കാട്ടീന്ന് ഇറങ്ങുമല്ലോ. കാട്ടീന്ന് ഇറങ്ങിയപ്പോള്‍ അന്നത്തെയോ അതിന്റെ തലേന്നത്തെയോ മനോരമ പത്രത്തില്‍ എന്റെയും ഫിലിപ്പ് എം.പ്രസാദിന്റെയും ഉള്‍പ്പെടെയുള്ള ഒരു ജാഥയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതാണ് അജിത എന്നു ജനങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം. ആ ഫോട്ടോ നോക്കിയാണ് ആള്‍ക്കാര്‍ എന്നെ തിരിച്ചറിഞ്ഞത്. ഞങ്ങളെ പിടിച്ച ആള്‍ക്കാര്‍ പത്രം എടുത്തുകൊണ്ടുവന്ന് പത്രത്തിലെ ഫോട്ടോ നോക്കിയാണ് ഞങ്ങളെ മനസിലാക്കിയത്. അത് എനിക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കി.
മാനന്തവാടി പൊലീസ് സ്റ്റേഷനില്‍നിന്നെടുത്ത ചില ഫോട്ടോ ഒക്കെ എന്നെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. പൊലീസുകാരാണ് എന്നെക്കൊണ്ട് വസ്ത്രാക്ഷേപം ചെയ്യിച്ചത്. അതായത് ഞാന്‍ ആ ബ്ലൗസ് മാത്രം ഇട്ടിട്ടല്ല കാട്ടില്‍ നടന്നത്. ഫോട്ടോയില്‍ കണ്ട ബ്ലൗസിനു മുകളില്‍ വേറൊരു കട്ടിയുള്ള ബ്ലൗസ്. അതിനുമുകളില്‍ ഒരു സെറ്ററ്. അതിന്റെ മുകളില്‍ ഒരു ഷര്‍ട്ട്. പിന്നെ പാന്റും ഇട്ടാണ് ഞാന്‍ കാട്ടില്‍കൂടി നടന്നത്.
ഞാന്‍ ജയിലില്‍ ഒരു പാവാടയും ബ്ലൗസും ധരിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പത്രത്തിലൂടെ ആള്‍ക്കാര്‍ കാണുന്നത്. ആണുങ്ങളുടെ ഇടയില്‍ ഞാന്‍ ഇങ്ങനെയാണ് നടന്നത്. അപ്പോള്‍ ഞാന്‍ ഒരു വേശ്യയാണ് എന്നു കാണിക്കാന്‍ വേണ്ടി ഒരു ശ്രമമായിരുന്നു ആ ഫോട്ടോ. ആ ഫോട്ടോഗ്രാഫി അവര്‍ക്ക് ഗുണമായി തല്‍ക്കാലത്തേക്കെങ്കിലും. ആള്‍ക്കാര്‍ക്ക് അങ്ങനെ ഒരു ഫീലിങ് അവര്‍ ഉണ്ടാക്കിയില്ലേ? അതുകഴിഞ്ഞ് പൊലീസുകാരുടെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ആള്‍ക്കാര്‍ മനസിലാക്കി. ആദ്യം ആ പടം കണ്ടവര്‍ എല്ലാം എന്നെ മോശമായി കരുതിയില്ലേ? പൊലീസുകാരെ വളരെ മോശമായി കാണിക്കാനാണ് ഫോട്ടോഗ്രാഫര്‍ ആ ഫോട്ടോ എടുത്തതെങ്കിലും അക്കാലത്ത് ജനം എന്നെ ഒരുപാട് തെറ്റിധരിച്ചു. അങ്ങനെ എന്നേക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിധാരണ ഉണ്ടാക്കുന്ന ഫോട്ടോകളും ഉണ്ടായിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ ബ്ലൗസും പാവാടയുമുടുത്ത് കെ.അജിത.
പൊലീസ് സ്റ്റേഷനില്‍ ബ്ലൗസും പാവാടയുമുടുത്ത് ഞാന്‍ നില്‍ക്കുന്ന ഫോട്ടോയെടുത്ത നാരായണന്‍ മരിച്ചപ്പോള്‍ ഞാന്‍ കാണാന്‍ പോയി. അദ്ദേഹം പൊലീസുകാര്‍ക്ക് എതിരായിട്ടാണ് പടം എടുത്തതെങ്കിലും ആദ്യകാലത്ത് എനിക്ക് മോശമായി ആ ഫോട്ടോ മാറിയെങ്കിലും ഫോട്ടോഗ്രാഫറോട് ഞാന്‍ വൈരാഗ്യം ഒന്നും കാട്ടിയില്ല. വലിയ ദ്രോഹമൊന്നും ഫോട്ടോഗ്രാഫി എന്നോട് ചെയ്തിട്ടില്ല. ഞാന്‍ രഹസ്യ പ്രവര്‍ത്തനത്തിന്റെ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി ഏറെനാള്‍ കഴിയുംമുമ്പ് അച്ഛന്‍ മരിച്ചു. പിന്നെ കുറേനാള്‍ ജയിലില്‍ ആയിരുന്നു. അപ്പോള്‍ പിന്നെ രഹസ്യ പ്രവര്‍ത്തനത്തിന്റെ ആവശ്യം ഇല്ലല്ലോ. പിന്നെ പുറത്തു വന്നപ്പോള്‍ അത്തരം പ്രവര്‍ത്തനം ഒന്നും തുടരാനായില്ല. പിന്നെ തുറന്നുള്ള പ്രവര്‍ത്തനമാണ് ചെയ്യുന്നത്.
ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി ആവശ്യമാണ്. കഴിഞ്ഞ 25 വര്‍ഷമായി കോഴിക്കോട്ട് നല്ല രീതിയില്‍ നടക്കുന്ന അന്വേഷി എന്ന സാമൂഹ്യ പ്രവര്‍ത്തന സംഘടനയുടെ പ്രസിഡന്റാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി അത്യാവശ്യമാണ്. ഒര്‍ജിനലായിട്ടുള്ള ഫോട്ടോകള്‍ കോടതിയില്‍ തെളിവായിട്ട് വരാറുണ്ട്. നേരത്തെയുള്ള തെളിവിന് സപ്പോര്‍ട്ടായിട്ട് ഈ ഫോട്ടോ ഉപയോഗിക്കാന്‍ പറ്റും. അത്തരത്തില്‍ പല മേഖലയിലും ഫോട്ടോഗ്രാഫിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് മലയാളത്തില്‍ ഫോട്ടോഗ്രാഫിക്കുവേണ്ടി ഇത്ര നല്ല ഒരു പ്രസിദ്ധീകരണം ഇറക്കുന്നവര്‍ക്ക് പ്രത്യേകം അഭിനന്ദനം.
ഫോട്ടോ വൈഡ് 235-ാം ലക്കം.

LEAVE A REPLY

Please enter your comment!
Please enter your name here